Thursday, 20 October 2016

ഉണ്ടപൊരിയും അരി നുറുക്കും

പതിവു പോലെ വിശപ്പിന്റെ വിളി ആണ്  എന്നെ  ഉന്നതങ്ങളിൽ നിന്നു  താഴേക്ക്  ഇറങ്ങി വരാൻ പ്രേരിപ്പിച്ചത്. മുകളിൽ എന്റെ ബെഡ്‌റൂമിൽ അടച്ചിട്ടു  ഇരുന്നു  അറിയാൻ പാടില്ലാത്ത വല്ലൊരുടേം ഗീർവാണം കേൾക്കുക, അല്ലെങ്കിൽ എന്റെ ദുരിത കഥ വല്ലോരേം കേൾപിക്ക, (ഇംഗ്ലീഷിൽ ചാറ്റിങ്  എന്ന്  പറയും )വിവിധ ഭാഷയിൽ ഉള്ള  സിനിമകൾ കണ്ടു തീർക്കുക, നോവലുകൾ, വാരികകൾ (ഇക്കിളിയും ഇക്കിളി ഇല്ലാത്തതും ) വായിച്ചു തീർക്ക എന്നിങ്ങനെ വളരെ  സുപ്രധാന പെട്ട കാര്യങ്ങൾ ഒറ്റക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു  ഈ  ഞാൻ. 

എന്തായാലും താഴെ  വന്നു നോക്കിയപ്പോൾ ചോറ്  വിളമ്പിയിട്ടില്ല,  മുൻ വാതിൽ  തുറന്നു  കിടക്കുന്നു. ഈ  അമ്മക്കും അച്ഛനും  ഒരു  ഉത്തരവാദിത്യ ബോധമോ, സ്നേഹമോ ഇല്ല  എന്ന്  മനസിലാക്കി" അമ്മേ..... " ന് നീട്ടി  വിളിച്ചോണ്ട്  അടുക്കളയിലും പിന്നാപുറത്തും പോയി നോക്കി

ങേഹേ  ഒരു  അനക്കവും  ഇല്ല. നല്ല  ദേഷ്യം വരുന്നത് അടക്കി പിടിച്ചു വീണ്ടും  അകത്തു  വന്നപ്പോൾ  ആണ്  താഴത്തെ ബെഡ്‌റൂമീന് അടക്കി  പിടിച്ച സംസാരം കേക്കുന്നു. മെല്ലെ  ചെന്ന്  വാതിൽ  തുറന്നു നോക്കിയപ്പോൾ  അച്ഛൻ  താടിക്കു  കൈയ്യും  കൊടുത്തു കട്ടിലിൽ  ഇരിക്കുന്നു  അമ്മ  കാര്യമായി  എന്തോ  തിരയുന്നു. അലമാരി എല്ലാം തുറന്നു  കിടക്കുന്നു.

കൊണ്ട് പിടിച്ച തെരച്ചിലിനിടയിൽ  ഞാൻ  വന്നത് രണ്ടു  പേരും അറിഞ്ഞിട്ടില്ല. വളരെ  ഗൗരവത്തിൽ  ഒരു  വമ്പൻ നിശ്വാസത്തിന്റെ അകമ്പടിയോടെ അച്ഛൻ  പറഞ്ഞു

"നീ നോക്കി  സമയം കളയണ്ട   ഇനി  പൊട്ടിക്ക തന്നെ "

തല കുലുക്കി കൊണ്ട്  അമ്മ കയ്യിലിരുന്ന ബാഗ്  അലമാരിയിൽ തിരിച്ചു  വെച്ചു.
കട്ടിലിനരികിൽ ഉള്ള  മേശയിൽ നിന്നും  കുഞ്ചി എടുത്തു കൊണ്ട് വന്നു തറയിൽ ഉടച്ചു. ഉറങ്ങി കിടന്നിരുന്ന ചില്ലറകൾ എല്ലാം കണ്ട വഴിയേ ഓടി പുറകെ അച്ഛനും അമ്മയും. കട്ടിലിന്റെ അടിയിൽ  മേശയുടെ അടിയിൽ അങ്ങനെ രണ്ടു പേരും കേറി ഇറങ്ങി ഓടി പോയ ചില്ലറകളെ എല്ലാം  വീണ്ടും അവരുടെ കനത്ത അധികാര പരിധിയിൽ കൊണ്ട്  വന്നു.  രണ്ടു പേരും  കുന്തിച്ചിരുന്നു  ചില്ലറ  എണ്ണാൻ തുടങ്ങി. 

ഇത്രയും ആയപ്പോഴേക്കും എന്താണ്  നടന്നോണ്ടു ഇരിക്കുന്നത് എന്നുള്ള ആകാംക്ഷ എന്റെ വിശപ്പിനെ തല്ലി കെടുത്തിയിരുന്നു.

"കിട്ടി  ഇത്രേം മതി ആവും "

എന്നും  പറഞ്ഞു  എഴുന്നേറ്റ  അച്ഛൻ എന്നെ  കണ്ടു ഒരു  സൈക്കിളിനു വീണ  ചിരിയും  സമ്മാനിച്ച് പുറത്തേക്കു  നടന്നു  അച്ഛന്റെ  പുറകെ ഞാനും .

അപ്പോഴാണ്  പുറത്തു  മുറ്റത്തു  നിന്ന  ച്വറുപ്പക്കാരനെ  ഞാൻ  ശ്രെധിച്ചത്. ആശാന്റെ കാലിന്റെ അടുത്ത് ഇരുന്ന  കറുത്ത  ബാഗും  അതിൽ  ഇരിക്കുന്ന  പലവക  സാധങ്ങളും  കണ്ടപ്പോൾ  എനിക്ക്  സംഗതി  മനസിലായി.

സോറി  എന്നും  പറഞ്ഞു  കാശ്  കൊടുക്കുന്ന  അച്ഛനോട്  തോന്നിയ  ദേഷ്യവും  തിരിച്ചു  വന്ന  വിശപ്പിന്റെ  ശക്തി കൊണ്ടും  ഞാൻ നിമിഷാർത്ഥത്തിൽ ഊണുമേശക്ക്  അരികിൽ  എത്തി. ദാ  ഇരിക്കുന്നു  രണ്ടു പൊതി ഒന്ന്  ഉണ്ടപൊരി  രണ്ടാമത്തെ  അരി നുറുക്ക്.തീരെ  സമയം  കളയാതെ  ഞാൻ  ഒരു  പൊതി  പൊട്ടിച്ചു.

"മക്കള്  അത്  തിന്നണ്ട, അച്ഛൻ  വേറെ  നല്ലതു  വാങ്ങി  തരാം ഇതു  കൊള്ളില്ല "
പൊട്ടിച്ച പൊതി  പിടിച്ചു  വാങ്ങി കൊണ്ട്  പതിഞ്ഞ  ശബ്ദത്തിൽ  അച്ഛൻ പറഞ്ഞു. 

"പിന്നെ  എന്തിനാ  ഇതു  വാങ്ങിയേ ?"
കുറച്ചു  ഉച്ചത്തിൽ  തന്നെ  ഞാൻ  ചോദിച്ചു

"പതുക്കെ  പറ  ആ  പയ്യൻ  കേക്കും " അച്ഛന്റെ  മറുപടി  തുടർന്നു "മോനെ  പോലെയുള്ള  പിള്ളേര് അല്ലേ അവരും  ഞങ്ങൾ  എന്ദെലുമൊക്കെ വാങ്ങും. നീ  ഇതു  ആ  സ്റ്റോർ റൂമിലേക്ക്  വെച്ചെക്കു '

പ്ലാസ്റ്റിക് പൊതികളും  എടുത്തു  സ്റ്റോർ  റൂമിൽ  ചെന്ന  ഞാൻ  കണ്ടത്  ഇതു  പോലെ പൊട്ടിക്കാതെ  കുറേ  പൊതികൾ  ആണ് . ഇത്  വാങ്ങാൻ  ആണോ  ഈ  പുകില് മുഴുവൻ  കൂടിയേ?കുഞ്ചി  പൊട്ടിച്ചേ ? എന്നൊക്കെ ആലോചിച്ചു  കൊണ്ട്  തിരിച്ചു  വന്ന ഞാൻ  കണ്ടത്  ഒന്നും  സംഭവിക്കാത്ത  പോലെ  ചോറ്  വിളമ്പുന്ന  അമ്മയും . എന്നെ  കണ്ണടയുടെ  മുകളിൽ കൂടി നോക്കി കള്ള ചിരി  പാസാക്കുന്ന  അച്ഛനെയും  ആണ്. 

വർഷങ്ങൾക്കിപ്പുറം  കറുത്ത  സഞ്ചിയുമായി  ഞാനും  ഇറങ്ങിയപ്പോൾ എന്റെ  പ്രതീക്ഷയും അവർ  ആരുന്നു എന്റെ കൈയിൽ ഉള്ള  സാധനങ്ങളും അവർക്ക്  വേണ്ടെങ്കിലും  എനിക്ക് വേണ്ടി  വാങ്ങുന്ന  ഏതൊക്കെയോ  അച്ഛന്മാരും അമ്മമാരും.

No comments:

Post a Comment