Sunday, 4 June 2017

ഇരുൾ വീഴും മുമ്പെ

"നല്ല സുഖാ നമ്മളൊന്നും ചെയ്യണ്ട ചുമ്മാ കിടന്നാ മതി ബ്രഡും മുട്ടയുമൊക്കെ ബെഡിൽ കൊണ്ടത്തരും "

" ഉം എനിക്കും പോണം"

മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയി വന്ന ചേച്ചിടെ അടുത്തേക്ക് നീങ്ങി കിടന്നു കൊണ്ട് തങ്കു പറഞ്ഞു.

"ഡാ തങ്കൂ; മാമൻ പറഞ്ഞു നാളെ എന്നെ എന്റെ വീട്ടിൽ കൊണ്ടാവാന്ന് "

"അയ്യോ ഇച്ചേച്ചി പോയാ തങ്കു ഒറ്റക്കാവില്ലേ?"

" മാമി ലീവെടുക്കും, പിന്നെ എന്നെ വേഗം തിരിച്ച് കൊണ്ടരുന്നാ പറഞ്ഞേ ! "

"എവിടാ ഇച്ചേച്ചിടെ വീട്?"

" ഉം.... അങ്ങ് ദൂരയാ ... ബസ്സിൽ പോണം...... ഒത്തിരി ദൂരെ ..... പിന്നെ വളവിന്റെ അടുത്തുള്ള കടയിൽ എത്തിയാ അവിടെ ചോദിച്ചാ മതി പറഞ്ഞു തരും."

" ആണോ ശരി ഇനി ഇച്ചേച്ചി വന്നില്ലേൽ തങ്കുമോൻ വരാം."

ആ നാലു വയസ്സുകാരനെ കെട്ടിപിടിച്ച് കൊണ്ട് ആ പന്ത്രണ്ടു വയസ്സുകാരി ചോദിച്ചു " തങ്കു വര്യോ ?"

"ഉം ... തങ്കു വരും."

ഏത് വളവിലെ കടയിലാണ് ചോദിക്കേണ്ടതെന്ന് വേവലാതിപെടാതെ ആ നാലു വയസ്സുകാരനും , തങ്കു തന്നെ കൂട്ടാൻ വരുമെന്ന ഉറപ്പിൽ ആ പന്ത്രണ്ടു വയസ്സുകാരിയും നിഷ്കളങ്ക ബാല്യത്തിന്റെ ഊഷ്മളതയെ വാരി പുതച്ച് അവരവരുടെ കൊച്ചുസ്വപ്നങ്ങളിലേക്ക് ഒന്നിച്ച് നടന്നു പോയി.

*          *            *       *         *      *           *

" ന്നാലും... " അയാൾ മലന്നു കിടന്നു ദീർഘ നിശ്വാസം വിട്ടു.

" ഒരെന്നാലുമില്ല; അവളെ എനിക്ക് ഒരു സഹായത്തിനെന്നും പറഞ്ഞല്ലേ കൊണ്ട് വന്നെ ?? ഇപ്പം എന്തായി !! അവളെ കൂടി ഞാൻ നോക്കണം പകലു മുഴുവൻ ഓഫീസിലെ  യുദ്ധo കഴിഞ്ഞ് ...... എന്നെ കൊണ്ട് വയ്യ. ഡോക്ടർ പറഞ്ഞത് കേട്ടില്ലേ ഒരു ടെസ്റ്റ് കൂടി വേണ്ടി വരുമെന്ന് ..... പനി മാറിയെന്നത് സത്യം .... ഈ ടെസ്റ്റ് നെഗറ്റിവ് ആയതുകൊണ്ട് രക്ഷപെട്ടു. അടുത്തെതെങ്ങാനും പോസിറ്റിവ് ആയാലോ .........കൊറോണ ..... ഇൻഷുറൻസ് പോലും കിട്ടില്ല ....വീട്ട് ചെലവിന് കാശില്ല അപ്പോഴാണ് .............നാളെ പുലർച്ചേ തന്നെ തിരിച്ചോളൂ എന്നാലെ ഇരുൾ വീഴും മുമ്പേ എത്തേണ്ടിടത്ത് എത്തിച്ചേരൂ"

അവളുടെ വാക്കുകളെപ്പോലെ മേൽക്കൂരയിൽ കറങ്ങി കൊണ്ടിരുന്ന ഫാനും ജീവിതച്ചൂടിന്റെ ആവി നിറഞ്ഞ ആ കൊച്ചു മുറിയുടെ അന്തരീക്ഷത്തെ കീറി മുറിച്ച് തള്ളി കൊണ്ടിരുന്നു.

" ശരിയാണ് അവൾക്ക് സഹായമാവട്ടെ എന്നോർത്തു തന്നെയാണ് ആ മോളുടെ ദാരിദ്ര്യത്തെ വില പേശി അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നത് "

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ച് തിരിഞ്ഞു കിടന്ന അവന്റെ ചുണ്ടുകൾ ആവർത്തിച്ചു

"എന്നാലെ ഇരുൾ വീഴും മുമ്പേ എത്തേണ്ടിടത്ത് എത്തിച്ചേരൂ"

.............മുറിയുടെ ഇരുണ്ട കോണുകളിൽ നിന്ന് ആരൊക്കെയോ ചോദിക്കുന്നത്  പോലെ അയാൾക്ക്‌ തോന്നി 

"എവിടെ എത്തി ചേരാൻ ........ എവിടെയാണ് ഇരുൾ വീഴാൻ പോകുന്നത് ?.............? "

തിരിഞ്ഞും മറിഞ്ഞും കിടന്ന അയാളുടെ  മുന്നിൽ ബാല്യത്തിന്റെ കൗതുകങ്ങൾ എപ്പോഴും മഴവില്ലു തീർക്കുന്ന രണ്ടു  മുഖങ്ങൾ  തെളിഞ്ഞു .ഒരു ചേച്ചിയുടെ ,ഒരു കളിക്കൂട്ടുകാരിയുടെ കൂട്ട് മാത്രം എപ്പോഴുo ആഗ്രഹിക്കുന്ന ആ  കുഞ്ഞനിയൻറെ ; അവനെ എന്തിലും അധികം സ്നേഹിക്കുന്ന ആ ഇച്ചേച്ചിയുടെ ......... 

                                       സുഭദ്രവുo സ്വസ്ഥവുമായ ഭാവിയിലേക്ക് മത്സരിച്ചോടുന്ന അതിപക്വമായ  മനസ്സുകളിലോ? എവിടെയാണ് ഇരുൾ വീഴാൻ പോകുന്നത് ?അപ്പോഴും ജീവിത യാഥാർത്ഥ്യങ്ങൾ വിങ്ങി നിറഞ്ഞ ആ മുറിയുടെ ഇരുണ്ട കോണുകളിൽ  നിന്ന് ആരൊക്കെയോ പിറുപിറുത്തു  കൊണ്ടേയിരുന്നു .

"ഇരുൾ വീഴും മുമ്പേ ................ഇരുൾ വീഴും മുമ്പേ...........ഇരുൾ വീഴും മുമ്പേ!!"

No comments:

Post a Comment