അവളുടെ കവിളിലൂടെ കണ്ണീർ ഒലിച്ചു ഇറങ്ങുന്നത് കണ്ടു തെല്ലൊരു പരുങ്ങലോടെ അവൻ ചോദിച്ചു
"ഏന്ദു പറ്റി "
"കാല് വേദനിച്ചിട്ടു പാടില്ല"
പുതിയ ഷൂവിന്റെ മുൻഭാഗം കാണിച്ചു കൊണ്ട് അവൾ പറഞ്ഞു. വേദന കടിച്ചമർത്താൻ പാട് പെടുന്ന അവളോടായി അവൻ പറഞ്ഞു
"എങ്കിൽ പുതിയ ഷൂ അഴിച്ചു നീ ഇട്ടിരുന്ന പഴയ ഷൂ തന്നെ ഇട്ടോളൂ ;പുതിയത് ആ കവറിൽ ഇട്ടു വെച്ചെക്കൂ '
അവൾ ഷൂസ് മാറുന്നത് നോക്കി കൊണ്ട് അവൻ ആലോചിച്ചു.
"എന്നാലും നല്ല ഷൂ ആയിരുന്നു, വില കൂടിയ ഷൂ മുന്തിയ ബ്രാൻഡ് നഗരത്തിൽ ഏറ്റവും വലിയ ഷോപ്പിങ് മാളിന് വാങ്ങിയത് !.............. വലിയ കാര്യത്തിൽ വാങ്ങിയതാരുന്നു !!"
കല്യാണം കഴിഞ്ഞു അവളെ അവൻ ആ വലിയ നഗരത്തിലേക്കു കൊണ്ട് വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു, പുതിയ ജോലി, പുതിയ രാജ്യം, വിസ , ഇതെല്ലാം അവളെ അവന്റെ അടുത്ത് എത്തിക്കാൻ കുറച്ചു വൈകിച്ചു!
എന്തായാലും ഇപ്പോൾ രണ്ടാളും കൂടി ഒരു ഷോപ്പിങ് കഴിഞ്ഞു വരികയാണ്. സിറ്റി സെന്ററിൽ നിന്ന് അവരെയും കൊണ്ട് ടാക്സി കാർ ട്രാഫിക് കുരുക്കുകളെ ഭേദിച്ചുകൊണ്ട് ഓടി കൊണ്ടിരുന്നു.
ഇവിടെ ഞാൻ അതായത് കഥാകാരൻ ഒരു കടുംകൈ ചെയ്യാൻ പോവുകയാണ്. ഞാൻ ഈ കഥ രണ്ടായി പിരിക്കാൻ പോവുകയാണ് ! ഒരു പുഴ രണ്ടായി പിരിഞ്ഞു ഒഴുകുന്നത് പോലെ ഈ കഥയും രണ്ടായി പിരിഞ്ഞു ഒഴുകാൻ പോവുകയാണ് ...
കഥയുടെ ഒന്നാം കൈവഴി
കാറിൽ വെച്ചും, ഭക്ഷണം കഴിക്കുമ്പോഴും, തിരിച്ചു ഫ്ലാറ്റിൽ വന്നപ്പോഴും അവർ രണ്ടു പേരും അവരവരുടെ ചിന്തകളിൽ മുഴുകിയിരുന്നു. അവരുടെ ഇടയിൽ കട്ട പിടിച്ചു തുടങ്ങിയ മൗനത്തിന്റെ മഞ്ഞു പാളികളെ അവർ രണ്ടു പേരും തിരിച്ചറിഞ്ഞിരുന്നില്ല.
ഉറങ്ങാൻ കിടക്കുമ്പോഴും പിന്നീട് അവൻ ഉറക്കത്തിന്റെ മായിക ലോകത്തിൽ അലിയുന്നത് വരെയും അവന്റെ മനസ് ഒന്ന് മാത്രം മന്ദ്രിച്ചു കൊണ്ടിരുന്നു
"വളരെ നല്ല ഷൂസ് ആയിരുന്നു അത് ......................മുന്തിയതും "
പിറ്റേന്ന് ഓഫീസ് തിരക്കുകളുടെ ഇടയിലും അവനിൽ 'ഷൂസ് ' ഇടക്ക് ഇടക്ക് പൊന്തി വന്നു കൊണ്ടിരുന്നു. ലഞ്ച് ബ്രേക്ക് വരെ അവന് അവളെ ഫോൺ വിളിക്കാൻ സമയം കിട്ടിയില്ല; വേണമെന്നുണ്ടങ്കിൽ അവൾക്കിങ്ങോട്ടും വിളിക്കാമല്ലോ എന്ന ചിന്തയും അവനിൽ ഉണ്ടായിരുന്നു .
എന്തായാലും ചോറ് കഴിക്കുന്നതിന് മുന്നേ അവളെ അവൻ വിളിച്ചു; ബിസി ടോൺ ആയിരുന്നു മറുപടി.
"അവളുടെ അച്ഛനെയോ ചേച്ചിയെയോ മറ്റോ വിളിക്കുകയായിരിക്കും . മിക്കവാറും ഷൂസ് ആവും വിഷയം "
അവൻ ലഞ്ചു ബോക്സ് തുറന്നു . മോര് കറിയും ക്യാബേജ് തോരനും. എന്തോ അവന് വല്ലാത്ത ദേഷ്യം വന്നു. ആവുന്നതും വേഗം ചോറ് വാരി തിന്ന് പാത്രം കഴുകി അവൻ അവന്റെ ടേബിളിൽ ചെന്ന് ഇരുന്നു. കുറച്ചു നേരം അതും ഇതും നോക്കിയതിന് ശേഷം വീണ്ടും മൊബൈൽ എടുത്തു അവളെ വിളിച്ചു ;ഇപ്പോഴും മറുപടി ബിസി ടോൺ തന്നെ !ഇപ്രാവശ്യം വിളി അവളോട് സംസാരിക്കാൻ വേണ്ടി അയിരുന്നില്ല മറിച് മൊബൈൽ ബിസി ആണോന്ന് അറിയാൻ ആയിരുന്നു ! എന്തായാലും മൊബൈൽ ബിസി ആയിരുന്നു താനും. ആ ബിസി ടോൺ അവന്റെ തലക്ക് അകത്തു ഏതോ തേനീച്ച കൂട് ഇളക്കി വിട്ടു. മൊബൈൽ മേശമേലേക്ക് വലിച്ചു ഒരേറു കൊടുത്തു കൊണ്ട് അവൻ ചിന്തിച്ചു.
"അവൾക്കു എന്നോട് സംസാരിക്കാൻ ഒന്നും ഇല്ല. ഏതു സമയവും അവളുടെ വീട്ടുകാരെ കുറിച്ചാണ് ചിന്ത !എങ്ങനെയാണ് പിന്നെ ഞാൻ വാങ്ങി കൊടുക്കുന്നത് ഇഷ്ട്ടം ആവുക".
അവന്റെ വിചാരധാരയെ കീറി മുറിച്ചു കൊണ്ട് അക്കൗണ്ട്സ് ഡിപ്പാർട്മെന്റിലെ സുന്ദരി കടന്നു പോയി. കാറ്റു കരിയില കൂട്ടത്തെ എന്നോണം അവന്റെ ചിന്തകളും അവളുടെ പിറകെ പോയി
" ഏന്ദു വൃത്തിയുണ്ട് ഇവളെ കാണാൻ പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ വേണം. നല്ല മോഡേൺ ആയ ഡ്രസിങ്, മുടി മുകളിലേക്കു കെട്ടി വെച്ചിരിക്കുന്നു . വളരെ സ്വമ്യമായ ചിരി ആരായാലും നോക്കി ഇരുന്നു പോവും.അവളോ എല്ലാം കൊണ്ടും പഴഞ്ചൻ സ്വഭാവം. പെൺകുട്ടികൾ ആയാൽ കുറച്ചു മോടിയായി ഒക്കെ നടക്കില്ലേ ഇത് അങ്ങനെ ഒന്നും ഇല്ല. ജാംബവാൻന്റെ കാലത്തെ ഒരു ചുരിദാറും അവളും. എന്നാൽ പോട്ടെ ഇപ്പൊ ഞാൻ പറയുന്നത് കേട്ട് ഒന്ന് നന്നായി നടന്നു കൂടെ.... ""
അപ്പോഴാണ് അവൻ അക്കൗണ്ടന്റ് സുന്ദരിയുടെ ഷൂ ശ്രെധിച്ചത് ഇന്നലെ അവൻ വാങ്ങിയ പോലെ ഉള്ള ഷൂ ഹൈ ഹീൽ മുൻഭാഗം കൂർത്ത ചുവന്ന ഷൂ...
പിന്നെ താമസിച്ചില്ല മൊബൈൽ എടുത്തു വിളിച്ചു ഇപ്രാവശ്യം ബിസി ടോൺ അല്ല.
"ചോറു ഉണ്ടോ?" അവൻ ചോദിച്ചു
"ഇല്ല "
"അതെന്ദേ! "
"ഇപ്പോഴാ പണി ഒന്ന് ഒതുങ്ങിയേ !!"
"മ്മ്മ്... "
"ഏട്ടൻ കഴിച്ചോ ?"
"മ്മ്മ്.... "
"പിന്നെ എന്താ ?"
"ശരി എന്നാ ഞാൻ പിന്നെ വിളിക്കാം ബ്രേക്ക് ടൈം കഴിഞ്ഞു "
"മ്മ്മ്... ശരി "
രണ്ടു പേര് മാത്രം ഉള്ള ഫ്ലാറ്റിൽ ഏന്ദു പണി ? വേറാർക്കും ഇല്ലാത്ത അത്ര പണി
ഒരു കാട്ടു കുതിരയെ പോലെ അവന്റെ മനസ് കുതിച്ചു ഓടാൻ തുടങ്ങുകയായിരുന്നു. അതിനെ കടിഞ്ഞാൺ ഇട്ടു കൊണ്ട് മേശ മുകളിലെ ലാൻഡ് ഫോൺ ശബ്ദിച്ചു.
വൈകിട്ടു തിരിച്ചു എത്തിയ അവന്റെ മുന്നിൽ ചായയും പലഹാരവും കൊണ്ട് വെച്ചു അവളും അടുത്ത് ഇരുന്നു ചായ കുടിക്കാൻ തുടങ്ങി.
"ഞാൻ രണ്ടു മൂന്ന് തവണ വിളിച്ചിരുന്നു "
"ആണോ ഞാൻ കണ്ടില്ലല്ലോ !!"
"മ്മ്മ്...... "
ചായ കുടിച്ച കപ്പുകളും പലഹാര പാത്രവുമായി അവൾ അടുക്കളയിലേക്കു പോയി. അവൻ ലാപ്ടോപ് എടുത്തു തുറന്നു. സോഷ്യൽ മീഡിയയിലൂടെ പറന്ന് നടന്നു അവസാനം യൂട്യൂബിൽ അവൻ ലാൻഡ് ചെയ്ദു.ഏതോ ഒരു കൊറിയൻ സിനിമ കാണാൻ തുടങ്ങി.
കുറച്ചു സമയത്തിന് ശേഷം അവൾ അടുക്കളയിൽ നിന്നു വന്നു ചോദിച്ചു
"അത്താഴത്തിന് എന്താണ് വേണ്ടേ "
ഒരു അനക്കവും കാണാത്തത് കൊണ്ട് അവൾ അടുത്ത് ചെന്ന് ഒന്ന് കൂടെ ചോദിച്ചു
"രാത്രി ചോറാണോ വേണ്ടത് ?'
"മ്മ്മ്മ്... "
അടുക്കളയിലേക്ക് മടങ്ങി പോവുന്ന അവളെ നോക്കി അവൻ ആലോചിച്ചു
"ചോറായാലും ചാറായാലും ഉണ്ടാക്കുന്നത് നീ അല്ലേ !!"
അത്താഴം കഴിഞ്ഞു പാത്രങ്ങൾ എല്ലാം കഴുകി അവള് വന്നു കിടക്കാൻ നോക്കിയപ്പോഴേക്കും അവൻ ഉറങ്ങിയിരുന്നു. ലൈറ്റ കെടുത്തി അവള് കെടന്നു ; കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് അവളും ഉറങ്ങി പോയി .
അപ്പോഴും ഇരുളടഞ്ഞ വഴികളിലൂടെ അവന്റെ മനസ് ഒറ്റക്ക് തപ്പി തടഞ്ഞു നടക്കുകയായിരുന്നു ..
തെറ്റിദ്ധാരണകളുടെ,അതൃപ്തിയുടെ , പുച്ഛത്തിന്റെ..... ...
.................വെളിനിലങ്ങളിലൂടെ....
കഥയുടെ രണ്ടാമത്തെ കൈവഴി
കണ്ണുകൾ തുടച്ചു പുതിയ ഷൂസ് മാറ്റി പഴയത് ഇടുന്ന അവളുടെ അടുത്തേക്ക് ചേർന്നു ഇരുന്നു അവൻ മന്ദ്രിച്ചു
"എന്നാലും നല്ല ഷൂ ആരുന്നു, അടിപൊളി ബ്രാൻഡും "
ഒരു ചെറു പുഞ്ചിരിയോടെ അവൾ അവനോടു ചാഞ്ഞിരുന്നു .
"സാരമില്ല "അവൻ തുടർന്നു "മഴവില്ലു തെളിഞ്ഞ പോലെ ഉണ്ട് ആ ചിരി"
കണ്ണീരിനൊപ്പം നിറഞ്ഞ നാണം അവളുടെ മുഖം മഞ്ഞു തുള്ളികൾ നിറഞ്ഞു കുമ്പിട്ടു നിക്കുന്ന ഒരു നടൻ റോസാ പൂ പോലെ തോന്നിച്ചു അവന്.
"എന്നാൽ നിനക്ക് അപ്പോൾ തന്നെ പറയാരുനില്ലേ ?നമുക്ക് വേറെ വാങാമരുനല്ലോ !!"
"എനിക്ക് ഇത് വരെ ആരും ഇങ്ങനെ ഒന്നും വാങ്ങി തന്നിട്ടില്ല ;അത് കൊണ്ട് വിഷമം ആവുമോന്....... "
പകുതിക്കു മുറിഞ്ഞ അവളുടെ വാക്കുകൾ അവന്റെ പൊട്ടിചിരിയിൽ മുങ്ങി പോയി
"അത് തന്നെയാ എന്റെയും പ്രശ്നം ഞങ്ങൾ രണ്ടു ആൺ പിള്ളേര് ആണ്, വീട്ടിൽ പെണ്ണ് എന്ന് പറയാൻ അമ്മ മാത്രേ ഉള്ളു . ആ അമ്മ ആണേൽ സാരിന്ന് ഇതു വരെ മാക്സില് പോലും എത്തിയിട്ടില്ല ... ഒരു പെങ്ങള് വേണമെന്ന് ഒരു പാട് ആഗ്രഹം ഉണ്ടാരുന്നു ! മ്മ്മ്മ്....... അത് കൊണ്ട് പെൺപിള്ളേർക്ക് വേണ്ട സാധനങ്ങൾ ഒന്നും വാങ്ങി പരിചയം ഇല്ല "
അതിനും മറുപടിയായി മറ്റൊരു മഴവില്ല് തീർത്തു അവൾ .
"അത് പോട്ടെ എന്താ നമ്മൾ കഴിക്ക ?"
"പെട്ടെന്നു പോന്നോണ്ട് ഒന്നും ആക്കിയില്ല "
"പിസാ ആയാലോ ?"
മറുപടി വീണ്ടും മഴവില്ല് .
ഉറങ്ങാൻ കിടന്നപ്പോൾ അവൻ വീണ്ടും അവളോട് ചേർന്നു കിടന്നു പറഞ്ഞു
"അത് നല്ല ഷൂ ആയിരുന്നു അല്ലേ ?"
വളരെ പതിയെ അവൾ പറഞ്ഞു
"അതെ വളരെ നല്ലതായിരുന്നു, നാളെ രാവിലെ ആവട്ടെ എന്റെ കാൽപാദം ശകലം കണ്ടിച്ചു കളയാം !!"
അത് കേട്ടതും പൊട്ടി ചിരിച്ചു കൊണ്ട് അവൻ അവളെ തന്നിലേക്കു വാരി എടുത്തു "അപ്പോൾ എന്റെ കള്ളിക്കും വർത്താനം പറയാൻ അറിയാം "
പിറ്റേന്ന് ഓഫീസ് തിരക്കുകളുടെ ഇടയിലും 'ഷൂസ് 'ഇടക്ക് ഇടക്ക് പൊന്തി വന്നു കൊണ്ടിരുന്നു. അപ്പോഴെല്ലാം അവൾ തീർത്ത മഴവില്ല് അവന്റെ ചുണ്ടുകളിലും വിടർന്നു. ലഞ്ച് ബ്രേക്ക് വരെ അവന് അവളെ ഫോൺ വിളിക്കാൻ സമയം കിട്ടിയില്ല.
എന്തായാലും ചോറ് കഴിക്കുന്നതിന് മുന്നേ അവളെ അവൻ വിളിച്ചു;ബിസി ടോൺ ആരുന്നു മറുപടി. അവളുടെ അച്ഛനെയോ ചേച്ചിയെയോ മറ്റോ വിളിക്കുവാരിക്കും മിക്കവാറും ഷൂസ് ആവും വിഷയം, അത് എവിടെ കൊണ്ട് പറഞ്ഞു നിർത്തി കാണും എന്നു ആലോചിച്ചപ്പോൾ വീണ്ടും അവന്റെ മുഖത്തും മഴവില്ല് വിരിഞ്ഞു .
അവൻ ലഞ്ചു ബോക്സ് തുറന്നു. മോര് കറിയും ക്യാബേജ് തോരനും. ഷൂ വാങ്ങാൻ പോയി സാധനങ്ങൾ ഒന്നും വാങ്ങിയില്ല അവൻ ഓർത്തു പാവം അവള് ഇതേലും ഒപ്പിച്ചല്ലോ പെണ്ണ് ആള് കൊള്ളാം എന്തോ അവന് സന്തോഷവും സങ്കടവും ഒന്നിച്ചു വന്നു.
പാത്രം കഴുകി അവൻ അവന്റെ ടേബിളിൽ ചെന്ന് ഇരുന്നപ്പോൾ മനസിൽ ഉറപ്പിച്ചു ഇന്ന് പച്ചക്കറിയും അവശ്യസാധനങ്ങളും വാങ്ങണം. അപ്പോഴാണ് അവൻ ഓർത്തത് അവൾക്കു എന്താണ് ഇഷ്ടം എന്ന് ഇതു വരെ ചോദിച്ചില്ല മീൻ, ചിക്കൻ പച്ചക്കറി.........
അവൻ മൊബൈൽ എടുത്തു അവളെ വീണ്ടും വിളിച്ചു ;ഇപ്പോഴും മറുപടി ബിസി ടോൺ തന്നെ ! അവൻ കുറച്ചു അത്ഭുതത്തോടെ ആലോചിച്ചു തന്നോട് കാച്ചി കുറുക്കി മറുപടി പറയുന്ന ഇവൾ ഇത്രേം നേരം ആരെ ആണാവോ കൊല്ലുന്നതു , അങ്ങനെ ആവാൻ വഴി ഇല്ല വീണ്ടും ആരെങ്കിലും വിളിച്ചു കാണും.
അവന്റെ വിചാരധാരയെ കീറി മുറിച്ചു അക്കൗണ്ട്സ് ഡിപ്പാർട്മെന്റിലെ സുന്ദരി കടന്നു പോയി. കാറ്റു കരിയില കൂട്ടത്തെ എന്നോണം അവന്റെ ചിന്തകളും അവളുടെ പിറകെ പോയി
" ഈ പെൺപിള്ളേരെ ഒക്കെ കണ്ടാണ് ഞാൻ അവൾക്ക് ആ ഷൂ വാങ്ങിയേ! എന്തായാലും അവള് പറഞ്ഞ പോലെ കാല് മുറിക്കേണ്ടി വരുമാരുന്നു."
അപ്പോഴാണ് അവൻ അവളുടെ ഷൂ ശ്രെധിച്ചത് ഇന്നലെ അവൻ വാങ്ങിയ പോലെ ഉള്ള ഷൂ ഹൈ ഹീൽ മുൻഭാഗം കൂർത്ത ചുവന്ന ഷൂ...
പിന്നെ താമസിച്ചില്ല മൊബൈൽ എടുത്തു വിളിച്ചു ഇപ്രാവശ്യം ബിസി ടോൺ അല്ല
"ഹെലോ ദേ ഞങ്ങളുടെ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിലെ ഒരു സുന്ദരി ഇന്നലെ ഞാൻ വാങ്ങിയ പോലെ ഉള്ള ഷൂ ഇട്ടോണ്ട് പോണു "
"മ്മ്മ്...
"ഏന്ദു മ്മ്മ്... എന്ത് ഭംഗിയാണെന്നോ ?"
"ആണോ എന്നാൽ ഇത് കൂടെ പോവുമ്പോൾ എടുക്കാരുന്നില്ലേ ??"
അവളുടെ ദേഷ്യം കേട്ട് അവൻ പൊട്ടി ചരിക്കാൻ തുടങ്ങി.
"ഷൂ മാത്രം അല്ല അവളുടെ ഡ്രെസ്സ്, മുടി എല്ലാം സൂപ്പറാ "
"ഞാൻ നിക്കണോ പോണൊ ?"
"ഹാഹാഹാ.. എന്തൊക്കെ ചെയ്‌താലും അവൾക്കൊന്നും ഇല്ലാത്ത സൗന്ദര്യം അല്ലേ എന്റെ കുഞ്ഞി പെണ്ണിന്............. ദാമ്പത്യം സൗന്ദര്യ മൽത്സരം അല്ലാലോ പെണ്ണേ!!
"ഹമ്മ്... ഡൈലൗഗ് ഒക്കെ കൊള്ളാം "
"അതൊക്കെ അവിടെ നിക്കട്ടെ ചോറു ഉണ്ടോ "
"ഇല്ല "
"അതെന്ദാ ?"
"ഇപ്പോഴാ പണി ഒതുങ്ങിയേ അതാ "
"മൊത്തം പണിയും തീർതേക്കരുത് പിന്നെ പണി ഇല്ലാണ്ടെ ബോർ ആവും "
അവന്റെ ചിരിയിൽ അവളും കൂടി
"ഏട്ടൻ കഴിച്ചോ ?"
"മ്മ്മ് "
"പിന്നെ എന്താ ?"
"പിന്നെ ഒത്തിരി ഉണ്ട് അത് ഞാൻ വന്നിട്ട് പറയാം ഇപ്പൊ എന്റെ ബ്രേക്ക് ടൈം കഴിഞ്ഞു. നീ എന്തെങ്കിലും കഴിക്കാൻ നോക്ക് വേഗം"
"മ്മ്മ് ശരി എന്നാ "
അവള് തനിച്ചു ആ ഫ്ലാറ്റിൽ പാവം എന്തായാലും ഈ പണികൾ ഒക്കെ ഉള്ളത് നന്നായി. പറ്റുമെങ്കിൽ ഇന്ന് കുറച്ചു നേരത്തെ ഇറങ്ങണം എന്നിട്ട്.....
ഒരു മാന്ദ്രിക കുതിരയെ പോലെ അവന്റെ മനസ് കുതിച്ചു ഓടാൻ തുടങ്ങുകയായിരുന്നു അതിനെ കടിഞ്ഞാൺ ഇട്ടു കൊണ്ട് ലാൻഡ് ഫോൺ ശബ്ദിച്ചു
വൈകിട്ടു തിരിച്ചു എത്തിയ അവന്റെ മുന്നിൽ ചായയും പലഹാരവും കൊണ്ട് വെച്ചു അവളും അടുത്ത് ഇരുന്നു ചായ കുടിക്കാൻ തുടങ്ങി.
"ഞാൻ രണ്ടു മൂന്ന് തവണ വിളിച്ചിരുന്നു "
"ആണോ ഞാൻ കണ്ടില്ലല്ലോ "
"മ്മ്മ്...... നീ കാണൂല ഇതെല്ലാം ഉണ്ടാക്കുന്ന തെരക്കിലാവും "
"കുറച്ചു ബ്രഡ്, പഴം, കടലപ്പൊടി ഒക്കെ ഇരുന്നിരുന്നു അതു കൊണ്ട് ഒപ്പിച്ചതാ എന്താ കൊള്ളാവോ ?"
"തീരെ കൊള്ളില്ല അത് കൊണ്ട് മോൾ തിന്നണ്ട അതും ഈ പാവം ഏട്ടൻ തിന്നോളം "
"അയ്യടാ !!"
അവന്റെ വാക്കുകളും ഭാവപ്രകടനവും ആസ്വദിച്ച് കൊണ്ട് അവള് പറഞ്ഞു.
ചായ കുടിച്ച കപ്പുകളും പലഹാര പാത്രവുമായി അവൾ അടുക്കളയിലേക്കു പോയി. അവൻ ലാപ്ടോപ് എടുത്തു തുറന്നു. സോഷ്യൽ മീഡിയയിലൂടെ പറന്ന് നടന്നു അവസാനം യൂട്യൂബിൽ അവൻ ലാൻഡ് ചെയ്ദു.ഏതോ ഒരു കൊറിയൻ സിനിമ കാണാൻ തുടങ്ങി.
അവൾ അടുക്കളയിൽ നിന്നു വന്നു ചോദിച്ചു
"അത്താഴത്തിന് എന്താണ് വേണ്ടേ "
ഒരു അനക്കവും കാണാത്തത് കൊണ്ട് അവൾ അടുത്ത് ചെന്ന് ഒന്ന് കൂടെ ചോദിച്ചു
"രാത്രി ചോറാണോ വേണ്ടത് ?'
അവൻ അവളെ പിടിച്ചു അടുത്ത് ഇരുത്തി പറഞ്ഞു
"നല്ല മൂവിയാ "
അവൾ സ്‌ക്രീനിൽ എത്തി നോക്കിയിട്ട് ചോദിച്ചു
"ഏട്ടൻ സിനിമ കാണുവാനോ അതോ subtitle വയ്ക്കയാണോ "
"നീ ആള് കൊള്ളാലോ ഞാൻ subtitle വായ്ച്ചോണ്ടു സിനിമ കാണുവാ "
"എന്നാൽ എനിക്ക് ഇതിനു രണ്ടിനും സമയം ഇല്ല ഇത് പറ ചോറാണോ അത്താഴത്തിന് വേണ്ടേ? "
"ചിക്കൻ ബിരിയാണി,,മട്ടൻ ബിരിയാണി അങ്ങനെ ഒന്നും ഇല്ലേ മെനുവിൽ ??"
"ഇല്ല ചോറും ചപ്പാത്തി മാത്രേ ഉള്ളു !!"
"നീ പോയി എന്ദെലും ഒക്കെ ഉണ്ടാക്ക് എന്തായാലും എനിക്ക് ഒക്കയാ "
അത്താഴം കഴിഞ്ഞു പാത്രങ്ങൾ എല്ലാം കഴുകി അവള് വന്നു കിടക്കാൻ നോക്കുമ്പോൾ കണ്ടത് കട്ടിലിൽ ചാഞ്ഞിരുന്നു ഉറങ്ങുന്ന അവനെ ആയിരുന്നു. നെഞ്ചത്തിരുന്ന ബുക്ക് മടക്കി വെച്ചു . അവനോട് ശരിക്ക് കിടക്കാൻ പറഞ് ലൈറ്റ് കെടുത്തി അവള് കിടന്നു അവളെ മുറുകി പുണർന്ന് അവൻ ഉറക്കം തുടർന്നു.അവളും അവനോടൊപ്പം സ്വാപനങ്ങളുടെ ലോകത്തിലേക്ക് യാത്ര ആയി....
പുഞ്ചിരിയുടെ,കൊച്ചു വർത്തമാനങ്ങളുടെ., ശാന്തിയുടെ നിലാ വെളിച്ചം ചിതറി വീണ വിള നിലങ്ങളിലൂടെ......
തുരുത്തു
ഞാൻ വീണ്ടും വന്നു കഥാകാരൻ നിങ്ങളെ ഞാൻ വീണ്ടും അതേ തുരുത്തിലേക്ക് കൊണ്ട് പോവുകയാണ് ;നമ്മുടെ കഥ രണ്ടായി പിരിഞ്ഞു ഒഴുകി ഉണ്ടായ തുരുത്തിൽ .
ഇവിടെ വെച്ചു ഞാൻ കഥാകാരൻ തുലിക നിങ്ങൾക്ക് തരികയാണ്.. ഇനി ഈ കഥ എഴുതുന്നത് നിങ്ങളാണ്...
ഒരു നീണ്ട ദാമ്പത്യത്തിന്റെ കഥ!!