Theory
"രണ്ടെണ്ണവും എപ്പോ നോക്കിയാലും മലന്നു കേടന്നോണം . ഒരു കാര്യം സ്വന്തമായി ചെയ്യരുത് !ആരേലും വീട്ടിൽ വന്നാ ഇങ്ങനെയാ പെരുമാറുക ?. വന്നവരോട് സംസാരിക്ക്യ ,ചായ കുടിച്ചോ അല്ലെങ്കിൽ ഭക്ഷണം കഴിച്ചോന് ചോയ്ക്ക്യ ! ങേഹേ ഒന്നും ഇല്ല .ആദ്യം വേണ്ടത് മനുഷ്യന്മാരായി വളരുക എന്നതാ അല്ലാണ്ടെ കുറേ TV കാണലും പൊസ്തകം വായ്ക്കലും അല്ല. " അമ്മയെ കേട്ടിട്ടു ആണോ എന്തോ ചട്ടിയിൽ കിടന്ന് കടുക് വീറോടെ പൊട്ടി തെറിക്കാൻ തുടങ്ങി. ദീവസ്വാപനങ്ങളുടെ ഭാരം കാരണം താടിക്ക് കൈ കൊടുത്തു മേല്പോട്ട് നോക്കി ഇരുന്ന ഞാൻ ഒരു നീണ്ട ദീർഘ നിശ്വാസം വിട്ടു (അല്ലാണ്ടെ ഒന്നും ചെയ്യാൻ ഇല്ലല്ലോ അമ്മമാരുടെ theory ക്ലാസ്സിൽ )
Practical
അച്ഛൻ സ്കൂളിലനു എത്തിയിട്ടില്ല , വല്ല മീറ്റിംഗോ ജാഥയോ ,ധർണ്ണയോ കാണും. (അത് അവകാശങ്ങൾ നേടിയെടുക്കുന്ന കാലഘട്ടം ആരുന്നു, അവകാശങ്ങൾ നേടിയത് കൂടുതലും ധർണ്ണക്കും ജാഥക്കും പോവാത്തവരാരുന്നെങ്കിലും!! ) അമ്മയും വീട്ടിൽ ഇല്ല ആരുടെയോ വീട്ടിൽ പോയതാണ് .പിന്നെ അനിയൻ അവൻ എവിടെയാണ് എന്ന് അവന് തന്നെ അറിഞ്ഞാ മതിയാരുന്നു . ചുരുക്കി പറഞ്ഞാൽ വീട്ടിൽ ഞാൻ മാത്രം,പതിവ് പോലെ ഒരു നോവലും ആയി കിടക്കയിൽ മലന്നു കെടന്നു യുദ്ധം ചെയ്യുമ്പോഴാണ്
Calling bell മുഴങ്ങിയെ. പ്രാകി കൊണ്ട് ചെന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ മോഹനൻ മാഷ് ;
"അച്ഛൻ ഉണ്ടോ മോനെ ?"
"ഇല്ല "
"എപ്പോ വരും ?"
"ഇപ്പൊ വരുവാരിക്കും "
അപ്പോഴാണ് പെട്ടന്ന് അമ്മയുടെ theory class ഇരുണ്ട എന്റെ മനസിൽ വെള്ളിടിയായി വെളിച്ചം പരത്തിയത് !!!
"മാഷ് കേറി ഇരിക്ക് . അച്ഛൻ ഇപ്പോ വരുമാരിക്കും"
"അല്ലെങ്കിൽ ഞാൻ പിന്നെ വന്നോളാം മോനെ "
"മാഷ് ഇരിക്ക് ഞാൻ ചായ ഇടാം. അപ്പോഴേക്കും അച്ഛൻ എത്തുകയും ചെയും '
അകത്തു കേറി ഇരുന്ന മാഷിന് ടീവീ ഓൺ ചെയ്ദു കൊടുത്തു ഞാൻ അടുക്കളയിലേക്കു....
വെള്ളം അടുപ്പിൽ വെച്ചു ചായ പൊടി, പഞ്ചസാര, പാൽപ്പൊടി എന്നീ incridients എടുത്തു നിരത്തി റെഡി ആക്കി വെച്ചു. സംഭവം കഴിഞ്ഞാൽ ഏല്ലാം തിരിച്ചു അത് പോലെ തന്നെ വെക്കണം. അല്ലെങ്കിൽ അമ്മ വന്നാൽ അടുത്ത theory ക്ലാസ്സ് അതിനാരിക്കും
ചായ പൊടി ഇട്ടു തിളപ്പിച്ചു അതിലേക്കു പഞ്ചസാര പാൽപ്പൊടി ഏല്ലാം ഇട്ടു . പരസ്യത്തിൽ പറഞ്ഞ പോലെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ എന്നത് അന്വർഥമാക്കി വലിയ കട്ടകൾ ആയി പൊങ്ങി കിടന്നു ഞാൻ ഇട്ട പാൽപ്പൊടി ! നിറവും അത്ര പോരാ ഞാൻ കൂടുതൽ പാൽ പൊടി ഇട്ടു ഒരു വിധം color ആക്കി. തിളച്ച ചായ അരിപ്പയിലൂടെ ഗ്ലാസ്സിലേക്കു പകർന്നു ഇട്ട പാൽപ്പൊടി പകുതിയിൽ അധികം അരിപ്പയിൽ!ചായയുമായി ഞാൻ അരങ്ങത്തേക്ക്.
Result
"അമ്മേ മോഹനൻ മാഷ് വന്നിരുന്നു കുറച്ചു മുന്നേ ;കുറച്ചു ന്നേരം ഇരുന്നിട്ടാ പോയെ "
"ഏന്ദിനാ വന്നേ ?"
"അച്ഛനെ കാണാൻ ആണെന്നാ പറഞ്ഞേ, അമ്മേ ഞാൻ മാഷിന് ചായ ഇട്ടു കൊടുത്തു " അമ്മ കൊണ്ടുവന്ന പപ്പ്സിനെ ആക്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു
"ആഹാ, അത് നന്നായി അതാണ് ഞാൻ പറയുന്നേ ഓരോന്നും നമ്മൾ ഇപ്പോഴേ ചെയ്ദു ശീലിക്കണം."
"ങ്ങും "
"അല്ലാ കട്ടൻ ചായ മാഷിന് ഇഷ്ട്ടം ആരുന്നോ ?"
"കട്ടൻ ചായയോ? നല്ല ഒന്നാന്തരം പാൽ ചായ ."
"അതിനു ഇവിടെ പാൽ ഇല്ലാരുന്നല്ലോ?"
"ഹാ പാൽ ഇല്ലാരുന്നു അതോണ്ട് ഞാൻ പാൽ പൊടി ഇട്ടാ കൊടുത്തേ, അതാണേൽ കലങ്ങുന്നും ഉണ്ടാരുന്നില്ല !"
"പാൽ പൊടിയോ ?"
"അതെ ആ പാൽപ്പൊടി ടിനിൽ ഉള്ള പാൽ പൊടി "
"ഡാ കുരുത്തം കെട്ടവനെ അത് പാൽ പൊടി അല്ലാരുന്നു മൈദയാ, ഞാൻ ആ ടിന്നിൽ ഇട്ടു വെച്ചൂനെ ഉള്ളു !!!"
വാൽകഷ്ണം
മാഷ് എന്നെന്നേക്കുമായി ചായ കുടി നിർത്തിയൊന്ന് അറിയില്ല എന്തായാലും എന്റെ വീട്ടീന്ന് പിന്നെ ചായ കുടിച്ചിട്ടില്ല .
No comments:
Post a Comment