Thursday, 7 July 2016

ആ പെൺകുട്ടി

വോയ്‌സ് റെക്കോർഡർ അമർത്തി കൊണ്ട് അവൻ ചോദിച്ചു "എന്താണ്  വേണ്ടത് ?"
രക്ത്തം കല്ലിച്ച വിങ്ങിയ  ചുണ്ടുകൾ  നിശബ്ദമായി തുടർന്നപ്പോൾ ചുറ്റുമിരുന്ന മഹിളാ പ്രവർത്തകരെ നോക്കി കൊണ്ട് അവൻ  ആവർത്തിച്ചു "പറയൂ ടീച്ചർ നിങ്ങൾക്കു എന്താണ്  വേണ്ടത് ?ഞങ്ങൾക്ക്  ചെയ്യാൻ  പറ്റുന്നത്  എന്തായാലും  നിങ്ങൾക്ക് വേണ്ടി  ഞങ്ങൾ  ചെയ്തിരിക്കും; പേടിക്കണ്ട "
"ആടണം "കറങ്ങി കൊണ്ടിരുന്ന ഫാനിൽ കുരുങ്ങി  തെറിച്ചു അവളുടെ  ഉത്തരം "എനിക്ക് ഊഞ്ഞാൽ ആടണം, നല്ല  ആക്കത്തിൽ ഉയർന്നു  പൊങ്ങി  ഊഞ്ഞാൽ  ആടണം "
"എന്താ ? "നല്ല ഒരു സ്റ്റോറി കവർ  ചെയ്യാൻ  വേണ്ടി  വന്ന അവൻ തെല്ല്  അറച്ചു കൊണ്ട്  ചോദിച്ചു
"അപ്പനും അമ്മച്ചിയും  പേടിക്കണം  അത്‌ പോലെ  എനിക്ക്  ഊഞ്ഞാൽ  ആടണം "
നീര് വീണ കവിളുകൾ തലോടി കൊണ്ട് അവൾ  തുടർന്നു "അപ്പനും അമ്മച്ചിക്കും  ഒട്ടും ധൈര്യം  ഇല്ല വീണ് കൈയും കാലും പൊട്ടും അത്രെ !!"പൊട്ടി ചിതറി വീഴുന്ന  വള  പൊട്ടുകൾ  പോലെ  അവൾ  ചിരിക്കാൻ  തുടങ്ങി.
വോയ്‌സിസ്  റെക്കോർഡറിൽ  വിരൽ  അമർത്താൻ മുതിർന്ന  അവനോടു  അടുത്തിരുന്ന  കൗൺസിലർ മന്ദ്രിച്ചു "Give  her  time "എന്നിട്ട്  അവളോടായി അവർ  തുടർന്ന് "നമുക്ക്  പോവാം, പക്ഷെ ഇന്നലെ  എന്താണ്  സംഭവിച്ചത്  എന്നു ടീച്ചർ ആദ്യം  പറയൂ"
ചോദ്യം കേട്ടിട്ടോ കേക്കാതെയോ അവൾ  തുടർന്നു "കപ്പ  പുഴുങ്ങുന്നത് കണ്ടിട്ട് ഉണ്ടോ ? നല്ല  രസം  ആണ്.ഞങ്ങടെ  ഗ്രാമത്തിൽ ഉള്ള  എല്ലാരും  ഉണ്ടാവും ആണും പെണ്ണും പിള്ളേരും മുത്തിയും മുതുക്കന്മാരും എല്ലാരും, കുന്നിൻ മുകളിൽ  വലിയ  ഉരുളിയിൽ  ഇട്ടാണ് പുഴുങ്ങാ, ഞങ്ങൾ കുട്ടികൾക്ക്  നല്ല  രസം  ആരുന്നു..... "
തിരുവാതിര ഞാറ്റുവേല പോലെ പെയ്തിറങ്ങിയ അവളിൽ നിന്ന് വഴുതി മാറി കൊണ്ട് അവൻ  ചിന്തിച്ചു "നല്ല സ്റ്റോറി ലൈൻ ആണ് domestic violence  ഗാർഹിക പീഡനം. നല്ല പോലെ ശ്രെദ്ധിച്ചു വേണം റിപ്പോർട്ട്‌ ചെയ്യാൻ. തിരഞ്ഞെടുപ്പാണ് വരുന്നത് പോരാത്തതിന് ഇതിലെ ഗൃഹ നാഥൻ ഭരണ പക്ഷത്തിന്റെ  അറിയപ്പെടുന്ന  പ്രവർത്തകൻ. പത്രത്തിനും  തനിക്കും  എങ്ങനെ  പോയാലും  ഗുണം  ഉണ്ടാവും  തീർച്ച "
"......നക്ഷത്രങ്ങൾ നിറഞ്ഞതാരുന്നു അവിടുത്ത  രാത്രികൾ, കുന്നും പുറത്തൂന്  നോക്കുമ്പോൾ ഏന്ദു  ഭംഗി ആരുന്നു എന്നോ ? അമ്മച്ചിക്ക്  അത്  പോലെ  ഒരു  സാരി  ഉണ്ടാരുന്നു  നക്ഷത്രങ്ങൾ  നിറഞ്ഞ  രാത്രി  പോലെ... "
തോരാതെ പെയ്യുന്ന  അവളുടെ  അടുത്തേക്ക്  നീങ്ങി  ഇരുന്ന് അവളെ ചേർത്ത്  പിടിച്ചു  കൊണ്ട് കൗൺസിലർ ചോദിച്ചു " എല്ലാം  ശരിയാണ്  ടീച്ചറെ ; ഈ  ഇരിക്കുന്നവർ ഏല്ലാം ആരാണ്  എന്നറിയോ ?ഇവരെല്ലാം  മഹിളാ അസോസിയേഷൻ പ്രവർത്തകരാണ്. ഇദ്ദേഹം ഒരു  പത്ര പ്രവർത്തകനും. ഇവരെല്ലാം  ഏന്ദിനാണ്  വന്നെ എന്നറിയോ ? ടീച്ചറെ  സഹായിക്കാൻ, ടീച്ചർ  ഞങ്ങളോട് സഹകരിച്ചാൽ  മാത്രമേ  ഞങ്ങൾക്ക്  എന്തെങ്കിലും  ചെയ്യാനാവൂ. ഇന്നലെ  എന്താണ്  ഉണ്ടായേ ? "
"ഇന്നലെ  എന്താ  ഉണ്ടായേ ?" അവരുടെ  ചോദ്യം  അവളിലും  പ്രതിധ്വനിച്ചു.
"അഞ്ചു വർഷം എന്നും  ഉണ്ടാവുന്നതേ  ഇന്നലേം  ഉണ്ടായുള്ളൂ,  ഇന്നലെ  രാത്രി  എന്നെ  ഇവർ കണ്ടു  അത്രേ  വ്യത്യാസം  ഉണ്ടായുള്ളൂ, ഇച്ചായൻ  കുടിച്ചു  കഴിഞ്ഞാൽ  അങ്ങനെയാ എന്നെ  ഉറക്കത്തില്ല ഞാൻ  പാടണം ആടണം അങ്ങനെ  പലതും "
സ്വന്തം അനുഭവം  വിവരിക്കുമ്പോൾ ഉണ്ടാവുന്ന  വാക്കുകളുടെ  ദൗർലഭ്യം  അവളെ നിശ്ശബ്ദയാക്കിയപ്പോൾ  അയൽക്കാരിയോടായി  അവൻ  ചോദിച്ചു  "നിങ്ങൾ  ഇന്നലെ  എന്താണ്  കണ്ടത്.?'

"ചേട്ടനും  പിള്ളേരും  കെടന്നാരുന്നു. ഞാൻ  പാത്രങ്ങളെല്ലാം  കഴുകി  അടുക്കള പൂട്ടി  ഇറയത്തു ലൈറ്റ ഓഫ് ആക്കാൻ  നോക്കുമ്പോ  വാഴ  ഇലകൾക്കിടയിൽ ആരോ  മറഞ്ഞിരിക്കുന്ന  പോലെ  തോന്നി കള്ളനാവും എന്നു വിചാരിച്ചു  ഏട്ടനെ  വിളിച്ചു  ഇറയത്തു വന്നു  നോക്കിയപ്പോ  അത്‌  ഈ  ടീച്ചർ  ആരുന്നു. ഞാൻ  ഓടി  ചെന്ന്  നോക്കുമ്പോ  ഇവര്  ഉടു തുണി  ഒന്നും ഇല്ലാണ്ടെ കരഞ്ഞോണ്ട് ഇരിക്കയാണ് "
വളരെ  ദൂരെ  എന്നു  തോന്നിക്കുന്ന വിധം  അവൾ മെല്ലെ  പറഞ്ഞു  തുടങ്ങി "എന്നും  രാത്രിയും  ഇങ്ങനെ ഒക്കെ  തന്നെ  ആണ്  മിക്കവാറും ഞാൻ  ഈ  ചേച്ചിടെ വാഴകളുടെ  മറവിൽ  അഭയം  പ്രാപിക്കാറുണ്ട്. ഇച്ചായൻ  ഉറങ്ങുന്നത് വരെ  അല്ലെങ്കിൽ  വെളുക്കുവോളം. എന്നെ  ആരും കാണരുതേ എന്നു  പ്രാർത്ഥിച്ചു  കൊണ്ട്. എന്നും  എന്ദെലും  ഉണ്ടാവും ഇന്നലെ  ബൈബിളിന്റെ മുകളിൽ  ഇച്ചായൻ  കൊണ്ട്  വന്ന മൈദ  പൊതി  വെച്ചു   എന്നും  പറഞ്ഞാരുന്നു. ചെയ്‌ത പാപം  തീരാൻ  ഞാൻ  മുട്ടു  കുത്തി  നിക്കണം. അങ്ങേരു  കുടിച്ചു  തീരുന്ന  വരെ. എന്റെ  മോൾ  ഇതൊന്നും  കാണല്ലേ  എന്നാവും  ഞാൻ  പ്രാർത്ഥിക്ക റു. അവളെ  ഉണര്താണ്ടാ എന്നു  കരുതി  ഞാൻ  അങ്ങേരു  പറയുന്നത്  പലതും  ചെയും . പക്ഷെ  അദിനും ഒരു  പരിധി ഇല്ലേ ? അങ്ങനെ വരുമ്പഴാണ് ഞാൻ ഈ  ചേച്ചിടെ  വാഴ തോട്ടത്തിൽ  ഒളിച്ചിരിക്കാറു "
കരഞ്ഞു  കലങ്ങിയ  കർക്കിടകം  പോലെ  അവൾ  പെയ്തു  നിറഞ്ഞു , കര  കവിഞ്ഞു  ഒഴുകി, സംസ്കാര സമ്പന്നമായ മനസുകളിലൂടെ.... മാന്യതയുടെ മുഖം മൂടികൾ വലിച്ചു  കീറി... അതിനടിയിൽ  അടിഞ്ഞു  കൂടിയ വൈകൃതങ്ങളെ  പുറത്തേക്കു  ഛർദിച്ചു തള്ളി....  കലി  തുള്ളിയ ചാലിയാർ പുഴ  പോലെ  അവൾ  ഒഴുകി.

പിറ്റേന്നു  പത്രത്തിൽ  റിപ്പോർട്ട്‌  വന്നു..... പീഡനത്തിന്  കേസ്‌ ആയി.. ഫെമിനിസ്റ്  പ്രസ്ഥാനങ്ങൾ തെരുവിൽ മാർച് നടത്തി.....

പക്ഷെ  എവിടെയും  കണ്ടില്ല  ഊഞ്ഞാൽ  ആടാൻ  കൊതിച്ച  ആ പെൺകുട്ടിയെ, ആരും  കണ്ടില്ല  നക്ഷത്രങ്ങൾ നിറഞ്ഞ  രാത്രി  കൊതിച്ച  ആ  പെൺകുട്ടിയെ, ഒരു  പത്രവും  വിവരിച്ചില്ല നക്ഷത്രങ്ങൾ  ഉള്ള  അമ്മച്ചിയുടെ  സാരി  കണ്ടു  തുള്ളി  ചാടിയ  ആ പെൺകുട്ടിയെ.....നിങ്ങൾ  കണ്ടുവോ ? നിങ്ങൾ  അറിഞ്ഞുവോ ? ചുറ്റുപാടും  നോക്ക്  എന്നിട്ടും  നിങ്ങൾ  കാണുന്നില്ലേ  ആ  പെൺകുട്ടിയെ ? എങ്കിൽ  അവൾ  ചെലപ്പം  നിങ്ങളാവും...  ഇന്നല്ലെങ്കിൽ  നാളെ !

No comments:

Post a Comment